പഴശ്ശിരാജയുടെ സ്വാതന്ത്ര്യ സമരം

വെള്ളകാരുടെ മേല്‍ക്കോയ്മ അംഗീകരിക്കാതെ അവരോട് യുദ്ധം ചെയ്ത് വീര മൃത്യു വരിച്ച രാജാനായിരുന്നു പഴശ്ശിരാജ. അദ്ദേഹം ജീവിച്ചിരുന്നത് 18 ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. ആ കാലഘട്ടത്തേ ഉള്‍പ്പെടുത്താതെ പഴശ്ശിരാജയെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി ആയോ, അമ്മാവനോടുള്ള അസൂയ മൂത്ത് സ്വയം നശിച്ച രാജാവായോ ആയി കാണുന്നത് തെറ്റാണെന്നതാണ് എന്റെ അഭിപ്രായം.

ഫ്യൂഡലിസത്തിന്റെ കാലഘട്ടമായിരുന്നു അത്. ചാതുര്‍ വര്‍ണ്യത്തിലടിസ്ഥാനമായ സാമൂഹ്യ വ്യവസ്ഥ ഒരു യന്ത്രം പോലെ നൂറ്റാണ്ടുകളായി (ആധുനിക ചാതുര്‍ വര്‍ണ്യം ഇപ്പോഴും) പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഓരോ ജാതിയും അവരവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട് തൊഴിലുകള്‍ ചെയ്തു വന്നു. എന്നാല്‍ കച്ചവടത്തിന് വന്ന വെള്ളകാരുര്‍ “നിങ്ങള്‍ ഇനി ഞങ്ങള്‍ പറയുന്നതുപോലെ ചെയ്ത് വൊറുതേ ഇരുന്നാല്‍ മതി, ഭരണമൊക്കെ ഞങ്ങള്‍ ചെയ്തോളാം” എന്ന് പറഞ്ഞ് അധികാരികളായപ്പോള്‍ ചിലര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടു. കൂടുതല്‍പേരും ആ അടിമത്തം സന്തോഷത്തോടെ ശിരസാവഹിച്ചു. എന്നാല്‍ ചിലര്‍ക്ക് അത് സ്വീകാര്യമായി തോന്നിയില്ല. മാര്‍ത്താണ്ഡ വര്‍മ്മയും, വേലുത്തമ്പി ദളവയും, കുഞ്ഞാലിമരക്കാറും, ഉമയമ്മ റാണിയും, റാണി ചെന്നമ്മയും, ടിപ്പു സുല്‍ത്താനും, ലക്ഷ്മീഭായിയും തുടങ്ങി എണ്ണിയാലൊടുത്ത ദേശാഭിമാനികള്‍ ആ അടിമത്തത്തിനെതിരെ പടവെട്ടി. (മാര്‍ത്താണ്ഡ വര്‍മ്മയാണ് ഏഷ്യയിലാദ്യം യൂറോപ്പ്യന്‍ മേല്‍ക്കോയ്മയെ തോല്‍പ്പിച്ചത്.) പഴശ്ശിരാജ അവരില്‍ ഒരാളാണ്.

ചില സ്ഥലങ്ങളില്‍ വെള്ളക്കാര്‍ കൊണ്ടുവന്ന ഉയര്‍ന്ന നികുതിയും മറ്റും സമര കാരണമായി. എന്നാല്‍ ഇവരാരും തന്നെ പ്രധാനമായും പ്രജകളുടെ ക്ഷമത്തിനായല്ല ഈ യുദ്ധത്തിലേര്‍പ്പെട്ടത്. സ്വന്തം വീട് അയല്‍ക്കാര്‍ കീഴടക്കിയാല്‍ ഗൃഹനാഥന് തോന്നുന്ന വികാരം തന്നെ ആകണം അവരെ നയിച്ചത്. ഭാവില്‍ ഇന്‍ഡ്യ എന്നൊരു ജനാധിപത്യ രാജ്യമുണ്ടാകുമെന്നും അതിന് വേണ്ട ജനാധിപത്യ വിശ്വാസങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണ് തങ്ങളുടെ ജീവിത ലക്ഷ്യമെന്ന് അന്ന് ആര്‍ക്കും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. (8ാം നൂറ്റാണ്ടോടെ ശങ്കരാചാര്യരുടെ നേതൃത്ത്വത്തില്‍ ഭാരതം ഇരുണ്ട കാലഘട്ടത്തിലേക്ക് തള്ളിയിടപ്പെട്ട ശേഷം ഇന്‍ഡ്യന്‍ മനസുകളിലേക്ക് കാറ്റും വെളിച്ചവും കയറിയിട്ടില്ല. വെള്ളക്കാര്‍ വഴി ഇന്‍ഡ്യയിലെത്തിയ മുതലാളിത്തമാണ് മാറ്റം അവരുടെ നാട്ടിലെന്ന പോലെ നമ്മുടെ നാട്ടിലും ഉണ്ടാക്കിയത്.)

രാജ്യമെന്നാല്‍ രാജാവ് എന്നര്‍ത്ഥമുള്ളകാലമാണത്. അന്ന് ജനങ്ങളും അങ്ങനെ തന്നെയാണ് കരുതിയിരുന്നത്. അതുകൊണ്ട് ഇവരുടെ സ്വന്തം നിലനില്‍പ്പിനായുള്ള യുദ്ധമായാലും അന്നത്തേ സാമൂഹ്യ വ്യവസ്ഥനെച്ചു നോക്കുമ്പോള്‍ അത് വിദേശ ശക്തികള്‍ സ്വന്തം രാജ്യത്തിലെ വിഭവങ്ങള്‍ ഊറ്റിയെടുക്കുകയും ജനങ്ങള്‍ക്ക് അമിത ഭാരവും വൈദേശിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുമൊക്കെയെതിരായ സ്വാതന്ത്ര്യ സമരമായിരുന്നു. പഴശിരാജയും അതാണ് ചെയ്തത്.

അവര്‍ വിജയിച്ചിരുന്നെങ്കില്‍ ആ രാജ്യങ്ങളൊക്കെത്തന്നെ വീണ്ടും അതാത് രാജഭരണത്തിന്‍ കീഴിലാകുകയും പിന്നീട് എന്നെങ്കിലുമൊരിക്കല്‍ ഒറ്റപ്പെട്ട രീതികളില്‍ ഓരോ രാജ്യവും ആധുനിക ജനാധിപത്യത്തില്‍ എത്തിച്ചേരുമായിരിക്കാം. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. ഭാരതം മുഴുവന്‍ ഒറ്റക്കെട്ടായി ജനാധിപത്യത്തിലടിസ്ഥാനമായി സ്വാതന്ത്ര്യ സമരത്തിലേര്‍പ്പെടുകയും വെള്ളക്കാരെ തുരത്തുകയും ചെയ്ത് സ്വാതന്ത്ര്യം നേടി. ജനാധിപത്യത്ത്യ രാജ്യമായി. എന്നാല്‍ ഭാരതത്തിലെ ബഹുഭൂരി പക്ഷം ജനങ്ങള്‍ക്കും ഈ മാറ്റങ്ങള്‍ക്ക് വലിയ പ്രസക്തിയൊന്നുമുണ്ടായിരുന്നില്ല. രാജാവായാലും, കമ്പനിയായാലും, വിക്റ്റോറിയ റാണിയായാലും, നെഹ്റു കുടുംബമായാലും പട്ടിണിതന്നെ. സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ എന്ന സ്ഥാപനം ഒരു ന്യൂനപക്ഷ മുഖ്യധാരയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു (കേരളത്തിന് പുറത്ത് യാത്ര ചെയ്താലറിയാം ഇന്‍ഡ്യന്‍ ഗ്രാമങ്ങളുടെ അവസ്ഥ).

പഴശ്ശിരാജയും മറ്റുള്ള ദേശാഭിമാനികളും അവരുടെ അറിവിന്റെ പരിമിതികളില്‍ നിന്നുകൊണ്ട് അവര്‍ നേരിട്ടനുഭവിച്ച അടിമത്തിനെതിരെ പ്രവര്‍ത്തിച്ചു. പിന്നീട് വിദേശികള്‍ നാടുവിടുകയും ചെയ്തു. എന്നാല്‍ നാം ഇപ്പോള്‍ ശരിക്കും സ്വതന്ത്രരാണോ? ഈ ആഗോളവത്കരണകാലത്ത് അടിമത്തത്തിന്റെ ചങ്ങലയേക്കുറിച്ചുള്ള ബോധമില്ലാതെയായാല്‍ നാം ആ അടിമത്തം തിരിച്ചറിയുന്നില്ല(1).

നാം വാങ്ങുന്ന ഉത്പന്നങ്ങള്‍ മിക്കവയും വിദേശ കമ്പനികള്‍ നിര്‍മ്മിക്കുന്നവയാണ്. നമ്മള്‍ കഴിവ് കെട്ടവരാണ്, നല്ല ഉത്പന്നങ്ങള്‍ അവരുടേതാണ്, നിങ്ങള്‍ ഒന്നും ചെയ്യേണ്ട, നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഞങ്ങള്‍ തരാം എന്നു പറഞ്ഞ് പഴയ കച്ചവടക്കാര്‍ വീണ്ടും എത്തി. ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, കോള്‍ഗേറ്റ്, പെപ്സോഡന്റ്, പെപ്സി, കോള തുടങ്ങി അനേകം. അമേരിക്കയിലേക്ക് പ്രതിദിനം 200 കോടി ഡോളറാണ്  അവരുടെ കമ്പനികളും സര്‍ക്കാരും കൂടി മറ്റ് രാജ്യങ്ങളില്‍ നിന്ന് ശേഖരിക്കുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് പറയുന്നു. ആണവ കരാര്‍, ആസിയാന്‍ കരാര്‍, ജനിതക വിത്ത് കരാര്‍ തുടങ്ങി കരാറകാരുടെ സര്‍ക്കാരും ഡല്‍ഹിയില്‍ ഉണ്ട്. കൃഷിക്കാരേ നിങ്ങള്‍ “പ്രോഡക്റ്റിവിറ്റി” കൂട്ടൂ, എന്തു സഹായവും ഞങ്ങള്‍ തരാം എന്ന് പറഞ്ഞ് ഡല്‍ഹിക്ക് വെഞ്ചാമരം വീശുന്നവര്‍ കേരളത്തിലുമുണ്ട്.

ഹൈദരാബാദില്‍നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതിയേക്കാള്‍ കൂടുതല്‍ തുക ആന്ധ്രയിലെ കര്‍ഷകര്‍ വിത്തും വളവും കീടനാശിനിയും വാങ്ങാന്‍ വിദേശ കമ്പനികള്‍ക്ക് നല്‍കി എന്ന് 2007 ല്‍ സായിനാഥ് എന്ന എഴുത്തുകാരന്‍ പറഞ്ഞു. എവറഡി ബാറ്ററി നിര്‍മ്മാതാക്കളായ യൂണിയന്‍ കാബൈഡെന്ന വിദേശ കമ്പനി പതിനായിരക്കണക്കിന് കൊന്നിട്ട് ഇതുവരെ നഷ്ടപരിഹാരം പോലും വാങ്ങിക്കൊടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. എന്‍ഡോസള്‍ഫാന്‍ കുരുന്നുകളുടെ ജീവിതം തന്നെ അപഹരിക്കുന്നു. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വിരലിട്ടമ്മാനമാടുന്ന നമുക്ക് ഈ ചങ്ങലകള്‍ കാണാന്‍ കഴിയുന്നില്ലേ?എന്തുകൊണ്ട് കുത്തകമ്പനികളുടെ ആധിപത്യത്തിനെതിരെ സമരത്തിലേര്‍പ്പെടുന്നില്ല? ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇതൊന്നും ഒരു പ്രശ്നമല്ല. അറിയാനുള്ള അപാര സാദ്ധ്യതകളുള്ള ഈ കാലത്തു പോലും അതോന്നുമറിയാന്‍ ശ്രമിക്കാതെ ജനങ്ങള്‍ അടിമകളേപ്പോലെ ജീവിക്കുന്നുണ്ടെങ്കില്‍ പഴശ്ശിയുടെ കാലത്തെ സ്ഥിതി ഊഹിക്കാവുന്നതാണ്.

എന്തുതന്നെ കാരണം കൊണ്ടായാലും വെള്ളക്കാരന്റെ ഏജന്റുമാരാകാതെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അവരുടെ മേല്‍ക്കോയ്മ തകര്‍ക്കാന്‍ പഴശിരാജയെ പോലുള്ളവര്‍ സമരം ചെയ്തു എന്നത് അവരുടെ പ്രസക്തി. അത്യന്താധുനികതയുടെ കാണാച്ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ഈ ധീര ദേശാഭിമാനികളുടെ ജീവിതം നമുക്ക് പ്രചോദനം നല്‍കും.

ബഹുരാഷ്ട്ര കുത്തക ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക.

ഇനി ആ സിനിമ.
സിനിമ ഒരു പ്രചരണയജ്ഞമാണ് (propaganda). അറിഞ്ഞോ അറിയാതെയോ സംവിധായന്റേയോ തിരക്കധാകൃത്തിന്റേയോ ഏകാധിപത്യ, വികല കാഴ്ച്ചപ്പാടുകള്‍ ഏകപക്ഷീയമായി rhetoric ആയി പ്രചരിപ്പിക്കുന്ന മാധ്യമമാണ് സിനിമ. അതിന്റെ ശരിയും തെറ്റും തിരിച്ചറിയാന്‍ പൊതു സമൂഹത്തിന് തകര്‍ന്ന വിദ്യാഭ്യാസം മൂലം കഴിയുന്നില്ല. കോപ്പീറൈറ്റ് നിയമങ്ങളും കൂടി ചേര്‍ക്കുമ്പോള്‍ ഒന്നാന്തരം മര്‍ദ്ദന യന്ത്രമായി. ആഗോളവത്കരണത്തിന്റെ അടിമച്ചങ്ങലയെ അദൃശ്യമാക്കുന്നതില്‍ സിനിമക്ക് വലിയ പങ്കുണ്ട്.

(ഞാന്‍ സിനിമ കണ്ടില്ല. സൌജന്യമായി കിട്ടുമ്പോള്‍ കാണാം. സിനിമക്ക് വേണ്ടി പണം മുടക്കാതിരിക്കുക. വിനോദം സൗജന്യവും സ്വതന്ത്രവുമാക്കുക)

വിദേശികള്‍ക്കെതിരെ സംസാരിക്കുമ്പോഴും അവര്‍ നമ്മേപ്പോലുള്ള സാധാരണ മനുഷ്യരാണെന്ന് നാം മനസിലാക്കേണ്ട ഒരു കാര്യം. അവര്‍ ഭീകര ജീവികളൊന്നുമല്ല. അവിടുത്തേ കമ്പനികള്‍ക്ക് ഇത്തിരി കൗശലം കൂടിപ്പോയി എന്നുമാത്രം. ആ രാജ്യങ്ങളിലെ ജനങ്ങളും കമ്പനികളുടെ കുതന്ത്രങ്ങളാല്‍ കഷ്ടപ്പെടുന്നുണ്ട്. നാം ചെയ്യേണ്ടത് നമ്മുടെ ബുദ്ധി ഉപയോഗിച്ച് അവരുടെ കൗശലങ്ങള്‍ മുന്‍കൂട്ടി കണ്ട് ആ പണി ഇവിടെ നടക്കില്ല എന്ന് സമാധാനപരമായ നിസഹകരണ സമരത്തിലൂടെ അവരേ ബോദ്ധ്യപ്പെടുത്തുകയാണ്.

അനുബന്ധം:
1. പുത്തന്‍ സാമ്രാജ്യത്തം


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

3 thoughts on “പഴശ്ശിരാജയുടെ സ്വാതന്ത്ര്യ സമരം

  1. പഴശ്ശിരാജയുടെ പ്രചാരണ കുത്തൊഴുക്കില്‍ ചര്‍ച ചെയ്യാതെ പോയ പോഒയിന്റുകള്‍ ചര്‍ച്ച ചെയ്തതിന് നന്ദി. രണ്ടും മുന്നും കോടി ചിലവഴിച്ച് നിര്‍മിക്കുന്ന വേസ്റ്റ് സിനിമകള്‍ക്ക് പകരം അതിലും കൂടുതല്‍ കോടി ചിലവഴിച്ച് പിടിക്കുന്ന സിനിമ വിജയിക്കുമ്പോല്‍ പ്രെക്ഷകര്‍ തന്നെ പ്രൊഡ്യൂസറേക്കാള്‍ കൂടുതല്‍ ആഹ്ലാദിക്കുന്നു. ഫാന്‍സുകാര്‍ മിഠായി വിതരണ്‍നവും നടത്തുന്നു. പഴയ കാലത്തിന് വ്യത്യസ്ഥമായി. പൊതുകനം വെറും അന്തം കമ്മികളായി മാറ്രുന്ന ദയനീയ ചിത്രം കേരളത്തിലും കാണുമ്പോള്‍. തമിഴ് നാടിനെ പോലെ സെല്ലുലോയ്ഡ് മാനിയ പിടിച്ച വിഡ്ഡി കൂട്ടങ്ങളായി കേരളത്തിലെ അഭ്യസ്ഥ വിദ്യരും മാറ്രുന്നുവോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

  2. പ്രസക്തമായ ലേഖനം. ഇന്ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലെയുള്ള പേക്കൂത്തുകള്‍ കണ്ടു തീര്‍ക്കാന്‍ തന്നെ സമയം സാധാരണക്കാരനു തികയുന്നില്ല. പിന്നെ എവിടെയാണ് ആധുനീക അടിമത്തത്തെ പറ്റി വായിക്കാനോ പഠിക്കാനോ സമയം! ടെലിവിഷന്‍ ആധുനീക മുതലാളിത്തത്തിന്റെ ശക്തമായ ആയുധം ആണെന്ന് തിരിച്ചറിയേണ്ടി ഇരിക്കുന്നൂ. 90% പരിപാടികളും മനുഷ്യന്റെ ചിന്ത ശേഷിയെ മുരടിപ്പിച്ചു ഭോഗാസക്തിയെ വര്‍ധിപ്പിക്കുന്നവയാണ്.

ഒരു അഭിപ്രായം ഇടൂ