ഭൂമിയെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ടോ?

“ഭൂമിയെ സംരക്ഷിക്കുക” ഇക്കാലത്ത് വളരെ പ്രചാരമുള്ള ആശയമാണ്. രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍ വ്യവസായികള്‍, ജാതി-മത സംഘടനകള്‍, മാധ്യമക്കാര്‍, കവികള്‍, മറ്റ് സാഹിത്യ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍, ബുദ്ധിജീവികള്‍, ലോക സുന്ദരിമാര്‍ തുടങ്ങി മിക്ക സെലിബ്രിറ്റികളും ഭൂമിയെ സംരക്ഷിക്കുകാന്‍ ശ്രമിക്കുന്നു. അവര്‍ അതിന് വേണ്ടി ഭൗമദിനം, പരിസരദിനം തുടങ്ങി പല ദിനങ്ങളും കൊണ്ടാടുന്നു, ജാഥകള്‍ നയിക്കുന്നു, സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് നടത്തുന്നു, ചാനലുകളുകളില്‍ സംസാരിക്കുന്ന തലകളായി പ്രത്യക്ഷപ്പെടുന്നു, ചിലപ്പോള്‍ ഒരു മണിക്കൂര്‍ വരെ വിളക്കണച്ച് വീട്ടിലിരിക്കുന്നു. ഓ, എന്തൊക്കെ ത്യാഗമാണ് അവര്‍ ഈ ഭൂമിയെ സംരക്ഷിക്കാന്‍ വേണ്ടി ചെയ്യുന്നത്.

ഇതൊക്കെ കണ്ടിട്ട് ​എനിക്കൊരു സംശയം. ഭൂമിയെ ശരിക്കും നമ്മള്‍ സംരക്ഷിക്കണോ?

ഒരു ചിന്താപരീക്ഷണമെന്ന നിലയില്‍ നമുക്കത് ഭൂമിയോട് തന്നെ ചോദിച്ചു നോക്കാം.

മനുഷ്യന്‍: ഹേ ഭൂമീ, ഞങ്ങള്‍ മനുഷ്യര്‍ നിന്നേ സംരക്ഷിക്കാന്‍ വന്നതാണ്.

ഭൂമി: ഫ കീടമേ, എങ്ങനെ ധൈര്യം വന്നടാ നിനക്ക് എന്റെ മുന്നില്‍ വന്ന് ഇങ്ങനെ പറയാന്‍? എനിക്ക് പ്രായം 454 കോടി വര്‍ഷമായി. അതില്‍ വളരെ കാലം ഞാന്‍ ചുട്ടു പഴുത്ത ഒരു ഗോളമായിരുന്നു. നൂറു കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ ജീവന് നല്‍കി. പിന്നീട് ധാരാളം ജീവജലങ്ങള്‍ക്ക് എന്നില്‍ വളര്‍ന്നു. അവസാന നിമിഷത്തില്‍ മനുഷ്യന്‍ എന്ന നീയും പിറന്നു.

ഈ കാലം മുഴുവന്‍ എന്നില്‍ ജീവിച്ച ജീവികളില്‍ 99.9% സ്പീഷീസുകളേയും ഞാന്‍ ഉന്മൂലനം ചെയ്തിട്ടുണ്ട്. അഞ്ച് പ്രാശ്യമാണ് ഞാന്‍ ഭീമന്‍ ഉന്‍മൂലനം നടത്തിയിട്ടുള്ളത്. [വന്‍തോതില്‍ സ്പീഷീസുകളുടെ വംശനാശം സംഭവിക്കുന്നതിനെയാണ് ഭീമന്‍ ഉന്‍മൂലനം (mass extinction) എന്ന് വിളിക്കുന്നത്.] എന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും കാലാവസ്ഥയുമൊക്കെയാണിതിന് കാരണം. എന്നാല്‍ ആറാമത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഭീമന്‍ ഉന്‍മൂലനത്തില്‍ എനിക്ക് പങ്കില്ല. അതിന് കാരണക്കാരന്‍ വിഡ്ഢിയായ നീയാണ്. മകന്റെ യൗവ്വനം യാചിച്ചു വാങ്ങിയ യയതിയെ പോലെ നീ നിന്റെ ഭാവി തലമുറകള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ട വിഭവങ്ങള്‍ നിന്റെ ഉപരി വര്‍ഗ്ഗം ചൂഷണം ചെയ്യുന്നു.

എന്നിട്ട്, മൂഢനായ നീ എന്നോട് പറയുന്നു എന്നെ സംരക്ഷിക്കാമെന്ന്. നിന്റെയൊന്നും സംരക്ഷണമില്ലാതാണ് ഞാന്‍ ഈ കഴിഞ്ഞ 454 കോടി വര്‍ഷമായി ജീവിക്കുന്നു. ശരിക്കും സംരക്ഷണം വേണ്ടത് നിന്റെ ഭാവി തലമുറകള്‍ക്കാണ്. അല്ലെങ്കില്‍ നീ കാരണം ഞാന്‍ തുടങ്ങാന്‍ പോകുന്ന ഉന്‍മൂലനം നേരിടാന്‍ തയ്യാറായിക്കോ.

നീ ഇല്ലായാതാലും മൊത്തം ജീവജാലങ്ങളില്ലാതായാലും എനിക്കൊന്നും സംഭവിക്കില്ല. വീണ്ടും എന്നില്‍ ജീവന്‍ അങ്കുരിക്കും. കാടുകളും മരങ്ങളും അരുവികളുമൊക്കെ വീണ്ടും ജനിക്കും. പുതിയ കാലാവസ്ഥക്കനുയോജ്യരായ പുതിയ ജീവജാലങ്ങള്‍.

അതാണ് ശരി. ഭൂമിയെ ആരും സംരക്ഷിക്കേണ്ട കാര്യമില്ല. അത് സ്വയം നിലനിന്നോളും. നമുക്കാണ് സംരക്ഷ​ണം വേണ്ടത്. പരിസ്ഥിതി വാദത്തിന്റെ തെറ്റായ പ്രതീകമായാണ് ഈ സെലിബ്രിറ്റികള്‍. പണ്ടത്തെ കാടിന്റേയും മരത്തിന്റേയും അരുവികളുടേയും മന്ദമാരുതന്റേയും ഗ്രാമത്തിന്റേയും ഭംഗി വിവരിക്കുകയും അവ ഇന്ന് നഷ്ടപ്പെടുന്നതിനേക്കുറിച്ചുമുള്ള കാല്‍പ്പനിക സാഹിത്യ സൃഷ്ടികള്‍ നടത്തിയ എഴുത്തുകാര്‍ നമുക്ക് ധാരാളമുണ്ട്. ജീവിക്കാനായി സുന്ദരമായ ഗ്രാമം വിട്ട് നഗരത്തില്‍ ചേക്കേറിയ അവര്‍ക്കും സാധാരണക്കാര്‍ക്കും അവരുടെ കാല്‍പ്പനികതയും കാടെവിടെ മക്കളേ എന്നൊക്കെയുള്ള വിലാപവുമൊക്കെ ഹൃദ്യമാണ്. ദൈനംദിന ജീവിതത്തില്‍ അംബരചുംബികളായ ശീതീകരിച്ച ഫ്ലാറ്റുകളില്‍ ജീവിച്ച് കാറും, വിമാനവും, എക്സ്പ്രസ് ഹൈവേകളും, മോണോ റെയിലും, ഓഹരി കമ്പോളസൂചികാ ഭ്രമവും, കമ്പ്യൂട്ടറും, മൊബൈല്‍ ഫോണുകളും, ഒന്നിലധികം വീടുകളുള്ള അവരുടെ കാല്‍പ്പനികതയോ ഗൃഹാതുരത്വമോ വിലാപങ്ങളോ സാങ്കേതികവിദ്യാ കപടവിരോധമോ അല്ല പരിസ്ഥിതി വാദം.

പരിസ്ഥിതി വാദം പൂര്‍ണ്ണമായി ശാസ്തമാണ്. പരിസ്ഥിതി ശാസ്ത്രമാണത്. ഉദാഹരണത്തിന് മനുഷ്യ ജീവിതത്തിന് അനുയോജ്യമായ ഒരു കാലാവസ്ഥയുണ്ടാകണമെങ്കില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 350 ppm ല്‍ താഴെ നിര്‍ത്തണം. അതില്‍ കൂടുതലായാല്‍ കാലാവസ്ഥ മോശമാകും. അമിത രാസവളപ്രയോഗം കടലിന്റെ രാസഘടനക്ക് കാരണമാകും അത് മത്സ്യ സമ്പത്തിനെ ബാധിക്കും. ഇതൊന്നും കാല്‍പ്പനികതയല്ല.

എന്നാല്‍ നാം ഭൂമിയെ സംരക്ഷിക്കാനിറങ്ങുകയും പ്രകൃതിയുടെ സൗന്ദര്യം നിലനിര്‍ത്താന്‍ ക്രീം പുരട്ടാനും തുടങ്ങുന്നത് നമ്മുടെ അഹങ്കാരമാണ് കാണിക്കുന്നത്. ശരിക്കും ആ ചിന്താഗതിതന്നെയാണ് എല്ലാ പ്രശ്നത്തിനും കാരണം. നാം പ്രകൃതി നിയമങ്ങള്‍ക്ക് അടിമപ്പെട്ട് ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ശാസ്ത്രം ആ നിയമങ്ങള്‍ കണ്ടെത്തുന്ന മുറക്ക് പ്രസിദ്ധപ്പെടുത്തുന്നുമുണ്ട്. ഉദാഹരണത്തിന് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ കുഴപ്പം ആദ്യം കണ്ടെത്തിയത് 200 വര്‍ഷം മുമ്പ് ഫോറിയര്‍ എന്ന ശാസ്ത്രജ്ഞനാണ്. എന്നാല്‍ പുതിയ കണ്ടെത്തലുകള്‍ക്കനുസരിച്ച് മാറ്റങ്ങളുണ്ടാക്കാന്‍ നമ്മുക്ക് രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാതായിപ്പോയി. കാരണം നമുക്കിതൊന്നും അറിയില്ല.

ശാസ്ത്ര സിദ്ധാന്തങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന വ്യവസായം (കോര്‍പ്പറേറ്റ്) ആണ് നമ്മളില്‍ ഈ അഹങ്കാരം കുത്തിവെക്കുന്നത്. പരിസ്ഥിതി വാദം കാല്‍പ്പനികതയാക്കുന്നതു വഴി അവര്‍ക്കും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങള്‍ക്കും ധാരാളം ഗുണങ്ങളുണ്ട്. പുച്ഛത്തോടെ പരിസ്ഥിതി വാദം മുന്നോട്ട് വെക്കുന്ന പ്രശ്നങ്ങളെ നിസാരവത്കരിക്കാന്‍ കഴിയുന്നു. മാധ്യങ്ങളുപയോഗിച്ചുനടത്തുന്ന പ്രചാരവേലകള്‍ വഴി സാങ്കേതിക വിദ്യയുടെ ഗുണങ്ങളനുഭവിക്കുന്ന പൊതു സമൂഹത്തെ തെറ്റിധരിപ്പിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറിക്കാന്‍ കഴിയുന്നു. അഥവാ വികാരജീവികളെന്ന ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാല്‍ അവര്‍ക്കായി ഭൂമിയെ സംരക്ഷിക്കാന്‍ വര്‍ഷത്തിലെ ഒരു ദിവസത്തെ ഒരു മണിക്കൂര്‍ പരിപാടികള്‍ സംഘടിപ്പിച്ച് അതിന്റെ മാധ്യമ കവറേജ് കണ്ട് സംതൃപ്തിപ്പെടാനും അവസരം നല്‍കുന്നു. ഭൂമിയെ സംരക്ഷിക്കുക എന്ന അഹങ്കാര പരിപാടി കൊണ്ടു പോലും കോര്‍പ്പറേറ്റ് ഭൂമിയിലെ വിഭവ ചൂഷണത്തിന്റെ ആശയമാണ് പ്രചരിപ്പിക്കുന്നത്.

സെലിബ്രിറ്റികളും സാംസ്കാരിക നായകരും മാധ്യമ നിര്‍മ്മിതിയായ വിഗ്രഹങ്ങളായതുകൊണ്ട് അരാഷ്ട്രീയതയും അറിവില്ലായ്മയും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഇത് ആവര്‍ത്തിക്കുന്നു എ​ന്ന് മാത്രം.

പക്ഷേ ഇനി ഒരുക്കലും ഭൂമിയെ സംരക്ഷിക്കൂ എന്ന് പറയല്ലേ, നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കൂ എന്ന് തിരുത്തൂ.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

4 thoughts on “ഭൂമിയെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ടോ?

  1. താങ്കളുടെ അഭിപ്രായത്തോട്‌ വിയോജിപ്പുണ്ട്‌..കാരണം പുഴയെ മലിനമാക്കിയത്‌ നമ്മളാണ്‌, കാടിനെ ഇല്ലാതാക്കുന്നത്‌ നമ്മളാണ്‌.. പ്രകൃതിയുടെ വരദാനമായ മലകൾ ഇല്ലാതാക്കിയത്‌ നമ്മളാണ്‌..വായുവിൽ കാർബൺ ഡൈ ഓക്സൈഡ്‌ കൂട്ടിയത്‌ നമ്മളാണ്‌…ഇതൊന്നും പ്രകൃതിയല്ല എന്നത്‌ ശരി തന്നെ …അപ്പോൾ ഭൂമിയെ സംരക്ഷിക്കേണ്ടത്‌ നമ്മൾ തന്നെയാണ്‌ നമ്മൾക്ക്‌, തലമുറകൾക്ക്‌ ജീവിക്കണമെങ്കിൽ.. സ്വയം തിരുത്തി..വൃത്തികേടാക്കുന്നവരെ തിരഞ്ഞു പിടിച്ച്‌….
    അല്ലാതെ അന്യഗ്രഹ ജീവികൾ വന്ന് ആ കൃത്യം ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല..
    …പുഴകൾ വേണ്ടപ്പെട്ട അധികാരികൾ സംരക്ഷിക്കാത്തതു കൊണ്ടാണ്‌ ഇല്ലാതാകുന്നത്‌.. വെട്ടിപ്പിടിച്ചും, മണലെടുത്തും..
    കാടുകൾ… മലകൾ.. ഒക്കെ..അതേ പോലെ തന്നെ…നമ്മൾ ഓരൊരുത്തരും ശ്രദ്ധിച്ചില്ലെങ്കിൽ ഭൂമിയെ സംരക്ഷിച്ചില്ലെങ്കിൽ ഭൂമിക്കും അതൊരു പ്രശ്നമാണ്‌..
    ..നമ്മളെ ജനിപ്പിച്ചത്‌ മാതാ പിതാക്കളാണ്‌…. അവർ നമ്മളേക്കാൾ മുന്നേ ജനിച്ചവരാണ്‌.. നമ്മൾ ജനിക്കുന്നതിനു മുൻപെ അവർ ഇവിടെ ഉണ്ടായിരുന്നു…. അതിനാൽ നമ്മൾ മാതാപിതാക്കളെ സംരക്ഷിക്കാതിരുന്നാലും ഒന്നും സംഭവിക്കില്ല.
    നമ്മൾ വളർന്നു വലുതായതിനാൽ അവരെ ഇറക്കി വിട്ടാലും ഒരു കുഴപ്പവും ഇല്ല എന്നു പറയുന്നത്‌ പോലെയായി താങ്കളുടെ പറച്ചിൽ……..
    അന്നെത്തെ ജീവികൾ അത്ര വിനാശകരമായ കാഴ്ചപ്പാടുള്ളവർ ആയിരുന്നില്ല..മനുഷ്യർ തന്നെ അമ്പും വില്ലുമെടുത്ത്‌ യുദ്ധം ചെയ്യുന്നവർ… വാളും കുന്തവും പരിചയുമെടുത്ത്‌ യുദ്ധം ചെയ്യുന്നവർ..അവർ പരസ്പരം വെട്ടി മരിക്കുമെന്നല്ലാതെ ഭൂമിക്ക്‌ ഒരു കുഴപ്പവും ഉണ്ടാകില്ല.. എന്നാൽ ഇന്നോ? .പഴയ തലമുറയല്ല ഇന്നുള്ളത്‌.. കൂടുതൽ അറിവുള്ള ചിന്താശീലരായ ചിന്താശൂന്യർ.!…ഇന്ന് വിനാശകരമായ ബോംബുകൾ ഉണ്ടാക്കി കാത്തിരിക്കയാണവർ.. അത്‌ ഭൂമിയെ അപ്പാടെ ഇല്ലാതാക്കില്ലെന്ന് ആരു കണ്ടു…?
    അപ്പോൾ താങ്കളുടെ അവകാശവാദങ്ങൾ.. ഭൂമി തന്നെ ഇല്ലാതായാൽ പ്രപഞ്ചത്തിനെന്ത്‌ സംഭവിക്കും എന്ന മറു ചോദ്യത്തിലവസാനിച്ചേക്കാം..
    വിമർശിച്ചതായി കരുതരുത്‌…എന്റെ ചിന്തകൾ മാത്രമാണിത്‌.. ഒരു പക്ഷെ നിങ്ങൾ വിശേഷിപ്പിച്ചേക്കാം വിഡ്ഡിത്തമെന്ന്.. !
    ഭാവുകങ്ങൾ നേരുന്നു

    സസ്നേഹം

  2. താങ്കള്‍ പറയുന്നത് വിഡ്ഡിത്തമല്ല. താങ്കള്‍ താങ്കളുടെ വീക്ഷണ കോണിലൂടെ കാര്യങ്ങള്‍ പറയുന്നതേയുള്ള. വിമര്‍ശനങ്ങള്‍ നല്ലതാണ്. അവ നമ്മുടെ ആശയങ്ങള്‍ ശരിയോ തെറ്റോ എന്ന് പരിശോധിക്കാന്‍ അവസരം നല്‍കും.

    =>ഭൂമിയെ സംരക്ഷിച്ചില്ലെങ്കിൽ ഭൂമിക്കും അതൊരു പ്രശ്നമാണ്‌..

    എനിക്ക് തോന്നുന്നത്, താങ്കള്‍ തെറ്റായാണ് ഈ ലേഖനം വായിച്ചതെന്നാണ്. ഈ ലേഖനം തത്വചിന്താപമാണ്. നാം ആരെന്നുള്ള ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്. നാം ഭൂമിയടെ ജൈവവ്യവസ്ഥക്കകത്ത് ജീവിക്കുന് ചെറിയ ജീവികളാണ്. നമ്മേക്കാള്‍ വളരെ വളരെ വലുതാണ് ഭൂമി. അതുപോലെ നാം ഇപ്പോള്‍ ജീവിക്കുന്ന ഭൂമിയിലെ അവസ്ഥ ഭൂമിയുടെ ചരിത്രത്തിലെ വളരെ ചെറിയ കാലഘട്ടമാണ്. ഇത് മഹത്തായ കാലമെന്ന് എങ്ങനെ നമുക്ക് പറയാന്‍കഴിയും? നമ്മേ സംബന്ധിച്ചടത്തോളം ഇത് മഹത്തായ കാലമായിരിക്കാം. പക്ഷേ ഭൂമിക്കോ പ്രപഞ്ചത്തിനോ അങ്ങനെയല്ല. നമ്മുടെ അറിവില്ലായ്മയും അഹങ്കാരവും സങ്കുചിത സ്വഭാവും കൊണ്ടാണ് നാം അങ്ങനെ കരുതുന്നത്. അതേ സ്വഭാവങ്ങള്‍ കൊണ്ടുതന്നെയാണ് താങ്കള്‍ പറഞ്ഞ പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത്. അടിസ്ഥാന പ്രശ്നം നമ്മുടെ ആ മനോഭാവങ്ങളാണ്.

    =>നമ്മൾ വളർന്നു വലുതായതിനാൽ അവരെ ഇറക്കി വിട്ടാലും ഒരു കുഴപ്പവും ഇല്ല എന്നു പറയുന്നത്‌ പോലെയായി താങ്കളുടെ പറച്ചിൽ……..

    താങ്കള്‍ ഉപയോഗിച്ച ഉദാഹരണം തെറ്റാണ്. നമ്മളും നമ്മുടെ മാതാപിതാക്കളും പോലെ ഭൂമിയും നമ്മളും രണ്ട് വ്യത്യസ്ഥ വസ്തുക്കളല്ല. നമ്മേകൂടി ഉള്‍ക്കൊള്ളുന്നതാണ് ഭൂമി. നമ്മുടെ ശരീരത്തിലെ ഒരു ചെറിയ അവയവം നമ്മേ സംരക്ഷിക്കണം എന്ന് പറയുന്നപോലെ അസംബന്ധമാണ് നാം ഭൂമിയെ സംരക്ഷിക്കണം എന്ന് പറയുന്നത്.

    നമുക്ക് ഭൂമിയേക്കാള്‍ വളരാനാവുമോ? അങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ നമുക്ക് പറയാം നാം ഭൂമിയെ സംരക്ഷിക്കണം എന്ന്. നമുക്ക് ഒരിക്കലും ഭൂമിയേക്കാള്‍ വലുതാകാന്‍ കഴിയില്ല. അങ്ങനെയാണെന്ന കള്ള പ്രചരണം നടത്തുന്നത് വ്യവസായികളാണ്. അവരുടെ ലാഭത്തിനും സഹജീവികളെ ചൂഷണം ചെയ്യാനുമുള്ള പ്രചാരവേലയാണ് നാം എന്തോ വലുതാണെന്നെന്ന ആശയം.

    ശരിക്കും സംരക്ഷണം വേണ്ടത് നമ്മുടെ ഭാവി തലമുറക്കാണ്. പണക്കാര്‍ അത് ചെയ്യുന്നുണ്ട്. ദരിദ്രരായിരിക്കും സഹിക്കാന്‍ പോകുന്നത്. പണക്കാരെ നിര്‍മ്മിക്കുന്നത് ദരിദ്രരാണെന്നുള്ളതെ വേറൊരു കാര്യം.

ഒരു അഭിപ്രായം ഇടൂ